ഉറക്കപ്പിച്ച്

നീണ്ടുനിവർന്നുകിടന്നുള്ള ഉറക്കത്തിന് ഒരു നീണ്ടകഥയോളം വലിപ്പമുണ്ട്. തുടക്കവും ഒടുക്കവുമുള്ള, വളവും തിരിവുമുള്ള ഘടനയൊത്ത ഒരു നീണ്ടകഥ. 

നിവർന്നുറങ്ങുമ്പോൾ ഉറക്കം സൃഷ്ടിക്കപ്പെടുകയാണ്. നമ്മൾ തിരഞ്ഞെടുക്കുന്ന തീവ്രതയിൽ, അളന്ന് തിട്ടപ്പെടുത്തിയ ആഴത്തിൽ, നാം രൂപം കൊടുത്ത സ്വപ്നങ്ങളുമായി ഒരുറക്കം നാം നിർമ്മിച്ചെടുക്കുന്നു. കാലങ്ങളോളം ഉറക്കത്തിലേക്കും ഉണർവിലേക്കും ഒലിച്ചുപോകാതെ ആ സുഖസുഷുപ്തിയെ അണകെട്ടിനിർത്താൻ നമുക്കാവും. എന്തിനുറങ്ങുന്നു എന്ന ചോദ്യത്തെക്കാൾ എന്തിനുണരുന്നു എന്നതിനാവും അവിടെ നാം ഉത്തരം കണ്ടെത്തുക. വായനക്കാരനെക്കൊണ്ട് എളുപ്പത്തിൽ താളുകൾ മറിപ്പിക്കാനാവണം ആ നീണ്ടകഥയ്ക്ക് എന്നില്ല. 

വിരസമായ ഉറക്കങ്ങളുണ്ട്. വിണ്ടുകീറിയ കാല്പാദംപോലെ നോവും നീറ്റലും ആ ഉറക്കത്തിന് കൂട്ടുനടക്കും. എങ്കിലുമാ നോവ് ചുമന്ന് മനുഷ്യർ ചിലപ്പോൾ സ്വർഗ്ഗവാതിൽ വരേയ്ക്കും നടന്നുകയറാറുണ്ടത്രെ. മുന്നിൽ തുറക്കപ്പെട്ട സ്വർഗ്ഗകവാടത്തെ വേണ്ടെന്നുവയ്ക്കാൻ മാത്രം സുന്ദരമായ നരകങ്ങൾ അവരപ്പോഴേക്കും ഭൂമിയിൽ കണ്ടെത്തിയിരിക്കും. 

കഴിഞ്ഞതും വരുന്നതുമായ കാലത്തോട് ചോദ്യോത്തര സംവാദങ്ങൾ നടത്താതെ മനുഷ്യന്റെ കാലും കയ്യും വരിഞ്ഞുകെട്ടി സൃഷ്ടികർത്താവ് നിർദ്ദയം തടവിലാക്കുകയാണ് ഓരോ മയക്കത്തിലും. ഇടയിലെന്നോ രക്ഷപെട്ടോടിയ ഹൃദയം തലച്ചോറിന്റെ പരിരക്ഷയില്ലാതെ കാണുന്ന ലോകമാണ്, നീണ്ടുനിവർന്നൊരു കാലമില്ലാത്ത കഥയായി, അടഞ്ഞ കണ്ണുകൾക്കുള്ളിൽ ഊളിയിടുന്നത്. 


Comments