തായ്

തായ്ത്തടിയിൽ വളർന്നുകയറിയ ഇത്തിൾവള്ളിപോലെയാണ് അന്ന് അയാൾ അവളിൽ പടർന്നത്. നീണ്ടുനിന്ന ഭോഗത്തിൽ അൽപ്പാൽപ്പമായി ഭക്ഷിച്ചുതീർത്തത് അവളുടെ ആത്മാവാണെന്ന് അയാളറിഞ്ഞിരുന്നുവോ? കത്തിയാളിയ കാമത്തിൽ ദഹിച്ചടങ്ങിയ ജഡമായി അവൾ മരണമറിഞ്ഞു. നേരിനും നുണയ്ക്കുമിടയിൽ അബോധമാണ് പൊതിഞ്ഞുനിന്നത്. കാലവും കഥയും വിട്ട് മറവിയുടെ താത്കാലിക ശാന്തിയിൽ അവൾ നിവർന്നുകിടന്നു. 


താലിച്ചരടിൻറെ കനമില്ലാത്ത രാത്രികളോട് അവൾക്ക് കടപ്പാടാണ്. ഒരു രാത്രി മാത്രം വന്നുപോയ പുരുഷകേസരികളോട് അതിരില്ലാത്ത വാത്സല്യമാണ്. ദൈവരൂപത്തിന് നൽകാനാകാതെപോയ മനഃശാന്തിയാണ് പെണ്ണിന്റെ നഗ്നരൂപത്തിൽ അവർ തേടുന്നത്.


പണ്ടെങ്ങോ മറന്നുപോയ അമ്മയുടെ മുലപ്പാലിന്റെ രുചി തേടിയാണ് അയാളാദ്യമായി അവളെക്കാണാനെത്തുന്നത്. മകനെ പ്രസവിച്ചുകഴിഞ്ഞ ഇടവേളയിലൊന്നിൽ വാതിലിനുവെളിയിൽനിന്ന് കേണപേക്ഷിച്ച അയാളോട് കയറിവരാൻ പറഞ്ഞത് നേർത്ത ഖദറിനുള്ളിൽ തെളിഞ്ഞ അഞ്ഞൂറിന്റെ വെളിച്ചമൊന്നുകൊണ്ട് മാത്രമാണ്. മുലപ്പാലിന്റെ രുചിമാത്രം മതിയെന്ന് പറഞ്ഞ് അയാൾ ചേർന്നുകിടന്നു. കുഞ്ഞുണരുന്നത് വരെ മുലപ്പാൽ രുചിച്ചും മണത്തും അയാൾ കരഞ്ഞു. പോകുമ്പോൾ കുഞ്ഞിന്റെ കാലിൽ അവൾ കാണാതെ തൊട്ടിട്ടാണ് പോയത്.പിന്നെയും വർഷത്തിലൊരു ദിവസം അയാളെത്തും. അത് പിറന്നാൾദിനങ്ങളായിരുന്നുവെന്ന് പിന്നെയാണവൾ അറിഞ്ഞത്. പതിവുതെറ്റിച്ച് ആദ്യമായാണ് രണ്ടാമതൊരിക്കൽ ഈ വർഷം അയാളെത്തുന്നത്. 


വിശദീകരണങ്ങൾക്ക് നിൽക്കാതെയാണ് അയാൾ വിവസ്ത്രനായതും അവളെ വരിഞ്ഞുമുറുക്കിയതും. കലക്കമില്ലാത്ത കണ്ണുകളിൽ കാമം മാത്രമാണ് നിറഞ്ഞുനിന്നത്. കാലങ്ങൾക്കപ്പുറം നിന്ന് പ്രാകൃതനായൊരു നായാടി ഹൃദയമെന്നൊന്നുണ്ടെന്നറിയാതെ പെണ്ണിന്റെ കാലിടുക്കിൽ തുടങ്ങിവിട്ട മഹായുദ്ധത്തിന്റെ ആദ്യപകുതിയിലെവിടെയോ അവളെത്തിനിന്നു. യുദ്ധക്കളത്തിൽ ചോരവാർന്നുമരിച്ച ആദ്യ പടയാളി തന്നെയാണ് താനെന്ന് അവളുറപ്പിച്ചു. 


ഭോഗത്തിലുടനീളം അയാൾ പടവെട്ടുകയാണ് , രതിമൂർച്ഛയിൽ വിജയിയായി ഉയർന്നുനിൽക്കുകയാണ്. വിജയപരാജയങ്ങൾ അവൾക്കില്ല, യുദ്ധഭൂമിയെ പോലെ പരാജിതന്റെ ജഡവും വിജയിയുടെ കാൽപ്പാടുകളും അവൾ സ്വീകരിക്കുന്നു. 


കുപ്പായം കുടഞ്ഞെഴുന്നേൽക്കുമ്പോൾ അയാളുറക്കെ ചിരിക്കുന്നുണ്ടായിരുന്നു. അന്നാണ് അവളിൽ അയാൾ അമ്മയെ നിറഞ്ഞുകണ്ടതത്രേ. 


ഈ രാത്രിയിൽ അയാൾ ആത്മഹത്യ ചെയ്തിരുന്നെങ്കിൽ, അവളാഗ്രഹിച്ചു. നാളെ പുലരുന്നത് അവളുടെ മകന്റെ പിറന്നാൾദിനത്തിലേക്കാണ്.


Comments