ഉപ്പുതൊടാത്ത നുണകൾ
ഞാൻ കാത്തിരിക്കുന്നത് മായാജാലങ്ങൾക്കായാണ്. യാഥാർഥ്യത്തിന്റെ ഉപ്പുതൊടാത്ത പരിശുദ്ധമായ നുണ.
എന്റെ നീല സ്കൂട്ടറിൽ അതിവേഗത്തിൽ പായുമ്പോൾ ഈ നിരത്തുകളെല്ലാം കടലാണെന്നും ഞാനൊരു ചെറുവഞ്ചിയുമായി അവിടെ തുഴഞ്ഞുനടക്കുകയാണെന്നും എനിക്ക് തോന്നും ആകാശത്തെ നോക്കിയിരുന്നാൽ എനിക്ക് പേടിയാകും. തലയ്ക്ക് മുകളിലെ കടൽ. കാറ്റെപ്പോൾ വേണമെങ്കിലും ഒരു തിരയെ എന്റെ തലയ്ക്ക് മുകളിൽ വീഴ്ത്താം. മീൻകറിയിൽ ഉപ്പുകുറഞ്ഞാൽ ഞാൻ കടലിനെയോർക്കുന്നു. കൂടെ കടലില്ലാതെ ഈ മീൻകുഞ്ഞുങ്ങൾ എന്റെ ആമാശയത്തിൽ ശ്വാസം മുട്ടി മരിക്കുമോ? സ്വപ്നത്തിൽ കടൽ കണ്ടപ്പോഴെല്ലാം നനഞ്ഞ കാലുകളുമായാണ് എഴുന്നേറ്റത്. കട്ടിൽ വിരിപ്പിൽ നിന്ന് മണൽ കുടഞ്ഞുകളയാത്തതിന് അമ്മയുടെ വഴക്കും കിട്ടിയിട്ടുണ്ട്.
കോവളത്തോ കന്യാകുമാരിയിലോ
ചെന്നാൽ കടലിനെ ഒന്ന് കാണാൻ കൂടി കിട്ടില്ല. അടുത്തെത്തി എന്ന് കണ്ടാൽ ചോദ്യവും പറച്ചിലുമായി ആകെ ബഹളമാണ്. വർത്തമാനം കഴിഞ്ഞ് മണ്ണുകുടഞ്ഞ് കയറുമ്പോൾ ഓരോതവണയുമോർക്കും, കടലുകണ്ടില്ലല്ലോ.
കടൽ കാണാൻ തോന്നിയാൽ കണ്ണടച്ച് കമ്പിളിപ്പുതപ്പിനുള്ളിൽ ചുരുളുക. അല്ലെങ്കിൽ ഒരു ചൂടുചായയുമായി റോഡ് വക്കിൽ നിൽക്കുക. അതുമല്ലെങ്കിൽ തിരക്കുള്ള ബസിൽ കൂർക്കം വലിക്കുന്ന അമ്മുമ്മയുടെ അടുത്തിരുന്ന് പുറത്തേക്ക് നോക്കുക. എനിക്ക് കാണുന്നിടത്തെല്ലാം കടലുണ്ട്, കടപ്പുറങ്ങളിലൊഴികെ.
Comments
Post a Comment