തകർച്ച

തകർന്നു പോയ കവിതകളിലേക്ക്
നിരന്തരം സഞ്ചരിച്ച് മടുത്ത്
ഒടുവിലവൻ
വിജയിച്ച കവിതയ്ക്കായി
ധ്യാനമിരുന്നു.

എഴുതപ്പെട്ടവയിൽ 
തകർന്നടിഞ്ഞ
വാക്കുകളുടെ അസ്ഥികൾ
വീണ്ടും വീണ്ടും പല്ലിളിച്ചു.

ശവഗന്ധമില്ലാത്ത വാക്കൊരുക്കാൻ
അവൻ സ്വയം കവിതയെഴുതി.

പ്രണയവും പ്രകൃതിയും 
പ്രതീക്ഷയുമെഴുതി
അവന്റെ മാംസവും
അഴുകാൻ തുടങ്ങി.

നിത്യ യൗവനത്തിനവൻ
ഇന്നലെകളുരുക്കി വരിയെഴുതി.
വാക്കിൽ വിധി തിരുത്തി
സ്രഷ്ടാവിനെ തോൽപ്പിച്ച
വിജയമറിഞ്ഞ് അവൻ
പുഞ്ചിരിച്ചു.

ആ ചിരിയിൽ 
കവിതകൾ തകരുന്നതിന്റെ
ശാസ്ത്ര തത്വം
ഒളിച്ചിരുന്നു.

Comments