ചുവപ്പ്
നെറ്റിയിൽ ചുവപ്പ് പടർന്ന് മൂന്നാം നാൾ വെളുപ്പിന് അവൾ ഒരു ചുവന്ന തെരുവിനെ സ്വപ്നം കണ്ടു. ജനലും മതിലും മേൽക്കൂരയും ചുവപ്പിലലിഞ്ഞ ഒരിടം. നീളൻ തെരുവിൽ ഇരുവശവും ചുവപ്പ് തെറ്റിപ്പൂക്കൾ വീണു കിടക്കുന്നു. കാറ്റിന് കുങ്കുമപ്പൂവിൻ്റെ ഗന്ധം. അൾട്ടയെഴുതിയ കാലുകൾ നടന്ന് പതിഞ്ഞ നിരത്ത്. മുറുക്കിത്തുപ്പിയ പാനിൻ്റെ നിറമുള്ള ആകാശത്തിന് മുല്ലപ്പൂചൂടിയ നീളൻ മുടിയുടെ നിറമാകാൻ സമയമധികമില്ല.
ഉയരുന്ന അഗർബത്തി ഗന്ധങ്ങൾക്കിടെ പട്ടുവിരിപ്പിലിരുന്ന് കോട്ടുവായിടുന്നത് അവളാണ്. തല മുതൽ കാൽ വരെ അവളുടെ നിറം ചുവപ്പാണ്, ഒലിച്ചിറങ്ങിയ സിന്ദൂരം അവളെയാകെ വിഴുങ്ങി എന്നപോലെ. അരികിൽ ഒരുവനുണ്ട്, ആണോ പെണ്ണോ അതോ മറ്റേതെങ്കിലുമോ എന്നറിയില്ല. അവളുടെ ഭർത്താവിൻ്റെ ഗന്ധമാണയാൾക്ക്, അച്ഛൻ്റെ മുഖവും, അമ്മയുടെ ചിരിയും, ആങ്ങളയുടെ വിരലും, അനിയത്തിയുടെ മുടിയും പിന്നെ ശിഖണ്ഡി എന്ന് പേരായ ഒരു പഴയ യോദ്ധാവിൻ്റെ കുഴിഞ്ഞ കണ്ണുകളും. അയാൾ അവളുടെ മാറിൽ ആണി അടിക്കുകയാണ്. പത്തരമാറ്റ് തങ്കത്തിൽ തീർത്ത താലി അവളുടെ നെഞ്ചിൻ്റെ നടുഭാഗത്തായി ശ്രദ്ധാപൂർവ്വം അടിച്ചുറപ്പിക്കുകയാണയാൾ. ഒരു കോട്ടുവായുടെ ലാഘവത്തോടെ അവൾ നിവർന്നിരുന്നു. ആണി ഉള്ളിലേക്കാഴുമ്പോൾ ചോര കിനിയുന്നുണ്ട്. സിന്ദൂരം വീണ് ചുവന്ന ഉടലിൻ്റെ നിറമാണത് എന്നവൾ ആരോടൊക്കെയോ കളവ് പറഞ്ഞു. ജോലി പൂർത്തിയാക്കി എഴുന്നേറ്റ ലിംഗ മറിയാത്ത, ബന്ധമറിയാത്ത, ആ പ്രിയപ്പെട്ട അപരിചിതനോട് ഉള്ളു നിറഞ്ഞ് അവൾ നന്ദി പറഞ്ഞു. അതു വഴി നടന്ന ആർക്കൊക്കെയോ അഭിമാനത്തോടെ തൻ്റെ മാറ് കാട്ടിക്കൊടുത്തു. അപ്പോഴും ആ താലിക്കിടയിലൂടെ സിന്ദൂര നിറമുള്ള രക്തം ഒലിച്ചിറങ്ങുകയായിരുന്നു.
സ്വപ്നം കണ്ടുണർന്നവളെ അത് ദുഃസ്വപ്നമെന്ന് പറഞ്ഞു പഠിപ്പിക്കാൻ ആരൊക്കെയോ വന്നു. താൻ കണ്ട വിവാഹദിനത്തെ ദു:സ്വപ്നമെന്ന് വിളിക്കേണ്ടതെന്നിന് എന്ന് ചിന്തിച്ചപ്പോൾ സാമ്പാറിലിട്ട മുളകുപൊടിയുടെ അളവ് അറിയാതെ കൂടിപ്പോയി. എരിവ് കൂടിയതിന് ഭർത്താവ് വലിച്ചെറിഞ്ഞ ചോറു പാത്രത്തിലെ അംഗഭംഗം വന്ന സാമ്പാർ വീടാകെ ഇഴഞ്ഞ് ചുമപ്പ് പടർത്തി. മതിലുകളും മേൽക്കൂരയും വെളുപ്പിൽ നിന്ന് കുടിയിറങ്ങിയതിന്റെ കാരണമാരാഞ്ഞ അയൽക്കാരന് മുന്നിൽ ആ ദമ്പതികൾ അഭിമാനത്തോടെ പറഞ്ഞു: " ഇനി ഈ വീടിൻ്റെ നിറം സിന്ദൂരത്തിൻ്റെ ചുവപ്പാണ്".

Comments
Post a Comment