നെറ്റിയിൽ ചുവപ്പ് പടർന്ന് മൂന്നാം നാൾ വെളുപ്പിന് അവൾ ഒരു ചുവന്ന തെരുവിനെ സ്വപ്നം കണ്ടു. ജനലും മതിലും മേൽക്കൂരയും ചുവപ്പിലലിഞ്ഞ ഒരിടം. നീളൻ തെരുവിൽ ഇരുവശവും ചുവപ്പ് തെറ്റിപ്പൂക്കൾ വീണു കിടക്കുന്നു. കാറ്റിന് കുങ്കുമപ്പൂവിൻ്റെ ഗന്ധം. അൾട്ടയെഴുതിയ കാലുകൾ നടന്ന് പതിഞ്ഞ നിരത്ത്. മുറുക്കിത്തുപ്പിയ പാനിൻ്റെ നിറമുള്ള ആകാശത്തിന് മുല്ലപ്പൂചൂടിയ നീളൻ മുടിയുടെ നിറമാകാൻ സമയമധികമില്ല. ഉയരുന്ന അഗർബത്തി ഗന്ധങ്ങൾക്കിടെ പട്ടുവിരിപ്പിലിരുന്ന് കോട്ടുവായിടുന്നത് അവളാണ്. തല മുതൽ കാൽ വരെ അവളുടെ നിറം ചുവപ്പാണ്, ഒലിച്ചിറങ്ങിയ സിന്ദൂരം അവളെയാകെ വിഴുങ്ങി എന്നപോലെ. അരികിൽ ഒരുവനുണ്ട്, ആണോ പെണ്ണോ അതോ മറ്റേതെങ്കിലുമോ എന്നറിയില്ല. അവളുടെ ഭർത്താവിൻ്റെ ഗന്ധമാണയാൾക്ക്, അച്ഛൻ്റെ മുഖവും, അമ്മയുടെ ചിരിയും, ആങ്ങളയുടെ വിരലും, അനിയത്തിയുടെ മുടിയും പിന്നെ ശിഖണ്ഡി എന്ന് പേരായ ഒരു പഴയ യോദ്ധാവിൻ്റെ കുഴിഞ്ഞ കണ്ണുകളും. അയാൾ അവളുടെ മാറിൽ ആണി അടിക്കുകയാണ്. പത്തരമാറ്റ് തങ്കത്തിൽ തീർത്ത താലി അവളുടെ നെഞ്ചിൻ്റെ നടുഭാഗത്തായി ശ്രദ്ധാപൂർവ്വം അടിച്ചുറപ്പിക്കുകയാണയാൾ. ഒരു കോട്ടുവായുടെ ലാഘവത്തോടെ അവൾ നിവർന്നിരുന്നു. ആണി ഉള്ളിലേക്കാഴുമ്പോൾ ചോര...