ഏകാന്തതയുടെ പുരാവൃത്തം- അജയ് പി മങ്ങാട്ട്
"Many years later as he faced the firing squad, Colonel Aureliano Buendia was to remember that distant afternoon when his father took him to discover ice."
One hundred years of solitude, Love in the time of cholera, Chronicle of a death foretold, Strange Pilgrims എന്നീ നാല് പുസ്തകങ്ങൾക്കു ശേഷം മാർക്കേസിൻ്റെ വ്യക്തി ജീവിതം ഒരു കൗതുകമായി നിൽക്കുമ്പോഴാണ് 'ഏകാന്തതയുടെ പുരാവൃത്തം' വായിക്കുന്നത്.
പുതിയ കാല മലയാള എഴുത്തുകാരിൽ സർഗ്ഗശേഷികൊണ്ടും പാണ്ഡിത്യം കൊണ്ടും ശ്രദ്ധേയനായ ' അജയ് പി മങ്ങാട്ട് ' എന്ന അപാരനായ മാർക്കേസ് പ്രേമlയുടെ ലേഖന സമാഹാരമാണ് 'ഏകാന്തതയുടെ പുരാവൃത്തം; ഗബ്രിയേൽ ഗാർസ്യ മാർക്വേസ് ,ജീവിതവും രചനയും '.മാർക്കേസിൻ്റെ എഴുത്തും ജീവിതവും മനോഹരമായി ചേർത്തു വയ്ക്കുന്ന ഈ കൃതി ഗാബോയുടെ മാസ്റ്റർ പീസ് രചനകൾക്ക് പിന്നിലെ രസകരമായ അനുഭവകഥകൾ വായനക്കാർക്ക് പകർന്ന് നൽകുന്നു. അതോടൊപ്പം മാർക്കേസിൻ്റെ സ്പാനിഷ് കൃതികൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത ഗ്രിഗറി റബ്ബാസ, എഡിത്ത് ഗ്രോസ്മാൻ എന്നിവരുടെ വിവർത്തന ചാരുതയെ തിരിച്ചറിയാനും മങ്ങാട്ടിൻ്റെ രചന നമ്മെ സഹായിക്കുന്നു. പാരീസ് ലിറ്റററി റിവ്യൂവിന് നൽകിയ ഏറെ പ്രശസ്തമായ അഭിമുഖത്തിന് മങ്ങാട്ട് നൽകിയ മലയാളം പരിഭാഷ പീറ്റർ എച്ച് സ്റ്റോണിൻ്റെ ഇടതടവില്ലാത്ത ഇംഗീഷ് ഒഴുക്കിനെ വിദഗ്ധമായി സന്നിവേശിപ്പിച്ചിട്ടുണ്ട്.
അറക്കാറ്റാക്കയിലെ പുരാതനമായ കുടുംബ വീട്ടിൽ തൻ്റെ അമ്മയുടെ മാതാപിതാക്കൾക്കൊപ്പം എട്ടു വയസു വരെ കഥ കേട്ട് വളർന്ന, രാത്രിയുടെ ഏകാന്തതകളെ വല്ലാതെ ഭയപ്പെട്ടിരുന്ന, വീട് നിറഞ്ഞു നിന്ന സ്ത്രീ സാന്നിധ്യത്തിൽ എന്തെന്നില്ലാത്ത സ്വാസ്ഥ്യം അനുഭവിച്ചിരുന്ന, ഗാബോയുടെ ബാല്യകാലമാണ് ലോകത്തിന് മാന്ത്രിക യാഥാർത്ഥ്യം എന്ന വിസ്തൃതമായ ചക്രവാളം തുറന്നു നൽകാനുള്ള താക്കോലായി മാറിയത്. പകൽ സമയം മുത്തച്ഛനോടൊപ്പം രാഷ്ട്രീയവും ചരിത്രവും നിറഞ്ഞ യാഥാർത്ഥ്യത്തിൻ്റെ ലോകത്തായിരുന്നെങ്കിൽ, രാത്രികൾ മുത്തശ്ശിയുടെ ' തികച്ചും സ്വാഭാവികം ' എന്ന പോലെ അവതരിപ്പിക്കപ്പെടുന്ന മഹാ മാന്ത്രിക കഥകളുടെ കൂരിരുട്ടിലായിരുന്നു മാർക്കേസ് ജീവിച്ചത്. യാഥാർത്ഥ്യബോധത്തോടെ മുത്തശ്ശി അവതരിപ്പിക്കുന്ന പ്രേതകഥകൾ, ആപേക്ഷികമായ യാഥാർത്ഥ്യത്തിൻ്റെ , വലിപ്പമേറിയ തഥ്യ കളുടെ, എണ്ണിയാലൊടുങ്ങാത്ത സത്യങ്ങളുടെ, സമാന്തരമായ മറ്റൊരു ജീവിതം കൂടി മാർക്കേസിന് നൽകിയിട്ടുണ്ട്.
മുത്തച്ഛനോടൊപ്പം ഐസ് കാണാൻ പോയ നിസ്സാരമായ അനുഭവം ഓർമ്മയുടെ കമ്പളങ്ങൾ മാറ്റിയെഴുന്നേറ്റപ്പോൾ അത് ലോക സാഹിത്യത്തിലെ വിപ്ലവകരമായ ഒരു നോവലായി മാറി. Remedios the beauty യുടെ സ്വർഗ്ഗാരോഹണവും Mauricia Babilonia യ്ക്ക് കാവൽ നടന്ന മഞ്ഞ ചിത്രശലഭങ്ങളും യുക്ത്യധിഷ്ഠിത ലോകവീക്ഷണത്തിൽ മായാജാലമാണെങ്കിൽ കരീബിയൻ യുവത്വത്തിൻ്റെ വന്യമായ ഭാവനാ ലോകത്ത് അതൊക്കെയും യാഥാർത്ഥ്യങ്ങളാണ്.
ജേർണലിസം അനുഭവങ്ങൾ എഴുത്തിലുണ്ടാക്കിയ സ്വാധീനങ്ങളെപ്പറ്റി പാരീസ് ലിറ്റററി റിവ്യൂവിന് നൽകിയ അഭിമുഖത്തിൽ മാർക്കേസ് വിശദീകരിക്കുന്നുണ്ട്. എഴുത്ത് ഭ്രമാത്മകമായ പ്രചോദനത്തിൻ്റെ നിമിഷത്തിൽ സംഭവിക്കുന്ന ഒരു മഹാ വിസ്ഫോടനമായാണ് കാൽപ്പനികർ കണ്ടു വന്നതെങ്കിൽ മാന്ത്രിക യാഥാർത്ഥ്യത്തിൻ്റെ കഥാകാരന് അതൊരു മരപ്പണി പോലെ യഥാതഥമാണ്. Insomnia plague ഒരു അത്ഭുതമല്ലാതായി മാറുന്ന യാഥാർത്ഥ്യത്തിൻ്റെ മറ്റൊരു തലമാണത്.
Love in the time of Cholera യിൽ തൻ്റെ മാതാപിതാക്കളുടെ പ്രണയ കഥയും, പ്രാവിനെ പിടിക്കാൻ കയറി ഏണിയിൽ നിന്ന് വീണുണ്ടായ മുത്തച്ഛൻ്റെ മരണവും, Bitter almond ൻ്റെ ഗന്ധമുള്ള മുറിയിൽ സയനേഡ് ശ്വസിച്ച് ആത്മഹത്യ ചെയ്ത നാട്ടുകാരനെപ്പറ്റിയുള്ള ഓർമ്മയും പശ്ചാത്തലത്തിൽ കൊണ്ടുവരുന്ന ഒരു പോസ്റ്റ് മോഡേൺ പ്രണയകഥ അവതരിപ്പിക്കുമ്പോൾ, അത് ഓർമ്മയുടേയും പ്രതീക്ഷയുടേയും ഒരു അലിഗറിയായി മാറുന്നു. സെക്കൻ ഹാൻഡ് ബുക്ക് കടയിലെ ഒരു ഫോട്ടോ പുസ്തകത്തിൽ കണ്ട കന്നുകാലികളാൽ ചുറ്റപ്പെട്ട ഒരു ഏകാധിപതിയുടെ ചിത്രത്തിൽ നിന്ന് അധികാരത്തിൻ്റെ ഏകാന്തതയുടെ പ്രവചനങ്ങളുമായി autumn of the patriarch പിറന്നു വീഴുമ്പോൾ രേഖീയ വികസന സിദ്ധാന്തങ്ങളുടെ അർത്ഥശൂന്യത കൂടി എഴുത്തുകാരൻ അഭിസംബോധന ചെയ്യുകയാണ്.
വായിച്ചു കഴിഞ്ഞ മാർക്കേസ് കൃതികളെ കൂടുതൽ ആഴത്തിൽ അനുഭവിക്കാനും വായിക്കാനിരിക്കുന്നവയ്ക്ക് പിന്നിലെ ആവേശമാകാനും ഏകാന്തതയുടെ പുരാവൃത്തത്തിനാകുന്നുണ്ട്. കഥ പറച്ചിൽ കൊണ്ട് ദ്വിഗ്വിജയം നേടിയ മാർക്കേസിൻ്റെ കഥയറിയാൻ അജയ് പി മങ്ങാട്ടിൻ്റെ പുസ്തകം ഒരു മികച്ച തിരഞ്ഞെടുപ്പ് തന്നെയാണ്.

സന്തോഷം, നന്ദി ഗൗരി.. കൂടുതൽ എഴുത്തും വായനയും ഉണ്ടാവട്ടെ😊
ReplyDeleteഎഴുത്തുകാരന്റെ തന്നെ അഭിപ്രായം അറിയാനായതിൽ ഒരുപാട് സന്തോഷം...നന്ദി അജയ് പി മങ്ങാട്ട് സർ
Delete...go, get drenched with Gabo.
ReplyDeleteyes, no way out.....thank you
Delete