ഭാഷകൾ മരിക്കുന്നിടം
ഭാഷകളില്ലാത്ത ഒരു പ്രപഞ്ചം നിർമ്മിക്കാനാവുമോ?
അക്ഷരങ്ങളില്ലാത്ത, വാക്കുകളില്ലാത്ത, ആംഗ്യങ്ങളില്ലാത്ത, കാഴ്ച്ചകളില്ലാത്ത, ശൂന്യമായ ഒരു പ്രപഞ്ചം..... ആശയ വിനിമയത്തിൻ്റെ ഉപാധിയാണ് ഭാഷ എന്നല്ലേ. വിനിമയം ചെയ്യപ്പെടാത്ത ആശയങ്ങൾ കൂമ്പാരം കൂടിക്കിടന്ന്, അതിൻ്റെ ഭാരത്താൽ ഭൂമിയുടെ തുലനം തന്നെ തെറ്റി, ഒരു മഹാവിസ്ഫോടനമായി മാറുന്ന ദിനം ഒന്നോർത്തുനോക്കു. അങ്ങനെ ഈ പ്രപഞ്ചമത്രയും ആ പഴയ കുഞ്ഞൻ അണുവിലേക്ക് ചുരുങ്ങിയൊടുങ്ങുമ്പോൾ, അവിടെ അനാദികാലം കഴിഞ്ഞുള്ള കൂടിച്ചേരലിൻ്റെ , കത്തിയെരിഞ്ഞ കാത്തിരിപ്പിൻ്റെ ശവഗന്ധമുള്ള മറ്റൊരു ഭാഷ പിറന്നു വീഴുന്നു.
ഡി എൻ എ യിലെ പ്രോട്ടീനുകൾ കൈ ചുറ്റിക്കളിക്കുമ്പോൾ പാടാറുള്ള, ശബ്ദമെന്തെന്നറിയാത്ത പാട്ടിൻ്റെ ഭാഷയിൽ നിന്നും തുടങ്ങുന്ന യാത്ര. കണ്ണാടിയോടെന്ന പോലെ സ്വന്തം അസ്ഥിത്വം മറ്റൊന്നിലേക്കാവാഹിച്ച് പ്രതിബിംബത്തിന് ജീവൻ നൽകുന്ന കോശങ്ങളുടെ ഭാഷ, പങ്കുവയ്ക്കലുകളുടെ ഭാഷ. പിന്നെ അമ്മയും കുഞ്ഞും ചേർന്ന് വരച്ചുണ്ടാക്കുന്ന കളങ്കമറ്റ ഭാഷ. കൂടെയെപ്പൊഴോ രണ്ടാം ഭാഷ പഠിപ്പിക്കുന്ന ഇന്ദ്രിയങ്ങളുടെ നിർബന്ധിത ക്ലാസുകളും.
ജീവനായി പിറന്നവയുടെയൊക്കെയും ആസന്നമായ ദൗർഭാഗ്യം എന്നേ പറയാനാകൂ , ഈ ഭാഷകളുടെ സ്വകാര്യതയിൽ നിന്ന് നിർബന്ധിതമായ ഒരു പലായനം. ഒരു കയറിൻ്റെ വളവും തിരിവും കൊണ്ടുണ്ടാക്കിയ അക്ഷരവും, ശബ്ദത്തിൻ്റെ ഒഴുക്കിന് അണകെട്ടിയടച്ചെടുത്ത വാക്കുകളും ചേർന്ന് നിർമ്മിക്കുന്ന "ഭാഷ" യുടെ നിലപാടുതറയിൽ കുരുതി കൊടുക്കപ്പെടുന്ന നിഷ്കളങ്കതയുടെ ഭാഷകൾ. ബലിമൃഗങ്ങളെ അറുത്തെറിയുന്നതിന് മനുഷ്യൻ വിളിച്ച പേര്, 'പുരോഗതി'.
വീണ്ടും മരണത്തിൻ്റെ ചക്രക്കാലുകളിൽ, പുനർജന്മത്തിൻ്റെ, മോക്ഷത്തിൻ്റെ, ഉയിർത്തെഴുന്നേൽപ്പിൻ്റെ, അങ്ങനെ എന്തൊക്കെയോ അജ്ഞാതമായ ഭാഷകൾ സ്വസ്ഥതയോടെ നാം പഠിക്കുന്നു.
അതെ, തുടക്കത്തിലും ഒടുക്കത്തിലും സ്വാസ്ഥ്യം, അതിനിടെ പല്ലിളിച്ചുകൊണ്ട് പതിനായിരക്കണക്കിന് മനുഷ്യ ഭാഷകൾ. മാതാവെന്നും ധാത്രിയെന്നും, ശ്രേഷ്ഠമെന്നും അധമമെന്നും, ആഗോളമെന്നും പ്രാദേശികമെന്നും, നശിച്ചതെന്നും ജീവിക്കുന്നതെന്നും, പിന്നെയുമൊരായിരം ദ്വൈതങ്ങൾ, കാലാന്തരത്തിൽ അതിർത്തികളിൽ മുള്ളുവേലികൾ വൈദ്യുത കമ്പികളാക്കുന്നു എന്നു മാത്രം.
അങ്ങനെയെങ്കിൽ ഭാഷയ്ക്ക് മരണമില്ലേ? മരണമില്ലാത്ത ഭാഷ അന്ത്യമില്ലാത്ത വിനിമയ സാധ്യത കൂടിയാണ്. കാഴ്ച്ചയ്ക്കും കേൾവിക്കുമപ്പുറമുള്ളവർ കിനാവായും കാറ്റായും കളി പറയുന്നത് പോലെ ഈ അണ്ഡകടാഹവും സംവദിക്കുകയാവണം, മറ്റേതോ പ്രപഞ്ചത്തോട്, അല്ലെങ്കിൽ തന്നിലെ ആ കുഞ്ഞൻ അണുവിൻ്റെ ഓർമ്മകളോട്. കഥ പറയാൻ കാതുകളില്ലാതെ , കടലും കാടും, കുഞ്ഞനുള്ളിൽ ഒളിച്ചിരിക്കുമ്പോൾ വിനിമയത്തിന് പ്രസക്തിയില്ലാതാകുമ്പോൾ അവിടെ നിശബ്ദതയുടെ ശീലുകളുമായി, സുസ്ഥിരമായ ഒത്തുചേരലിൻ്റെ, ഗാഢമായ ഒരാലിംഗനത്തിൻ്റെ ഭാഷ മൊട്ടിടുന്നു.
അങ്ങനെയെങ്കിൽ ഭാഷയ്ക്ക് മരണമില്ലേ? മരണമില്ലാത്ത ഭാഷ അന്ത്യമില്ലാത്ത വിനിമയ സാധ്യത കൂടിയാണ്. കാഴ്ച്ചയ്ക്കും കേൾവിക്കുമപ്പുറമുള്ളവർ കിനാവായും കാറ്റായും കളി പറയുന്നത് പോലെ ഈ അണ്ഡകടാഹവും സംവദിക്കുകയാവണം, മറ്റേതോ പ്രപഞ്ചത്തോട്, അല്ലെങ്കിൽ തന്നിലെ ആ കുഞ്ഞൻ അണുവിൻ്റെ ഓർമ്മകളോട്. കഥ പറയാൻ കാതുകളില്ലാതെ , കടലും കാടും, കുഞ്ഞനുള്ളിൽ ഒളിച്ചിരിക്കുമ്പോൾ വിനിമയത്തിന് പ്രസക്തിയില്ലാതാകുമ്പോൾ അവിടെ നിശബ്ദതയുടെ ശീലുകളുമായി, സുസ്ഥിരമായ ഒത്തുചേരലിൻ്റെ, ഗാഢമായ ഒരാലിംഗനത്തിൻ്റെ ഭാഷ മൊട്ടിടുന്നു.
ലോക ഭാഷകൾ മരിക്കുന്നിടത്ത് ജീവിച്ചു തുടങ്ങുക. കാരണം അനുഭൂതിയുടെ ഭാഷയ്ക്കെന്നും സ്നേഹത്തിൻ്റെ ഗന്ധമാണ് .

ഭാഷയും അഭാഷയും (അഭാഷ എന്ന് പയറുമോ ആവോ), ഇല്ലായ്മയും നല്ലായ്മയും ഭാഷ്യങ്ങളാകുന്ന ഭാഷ ഭാഷാഭാസമാകാനാണേറെ സാധ്യത. പൊല്ലായ്മകൾ ചൊല്ലാനെറെ എളുപ്പവും. കൗതുകകരമായി, സരളമായി, വെറും ഭാവാത്മകമായി മാത്രം സൃഷ്ടിരൂപം കൊള്ളുന്ന ചിന്തകളുടെ ചീന്തുകൾ കോർത്തിണക്കിയത് ഒരു വ്യക്തിനിർവഹണം പോലെ ഉത്തരവാദിത്തപ്പെട്ട എഴുത്തിന്റെ ആദ്യതലത്തോളം എത്തിക്കാണുന്നു. അതു അടക്കിപ്പിടിച്ചിരിക്കാൻ എന്നും കഴിയുമാറാകട്ടേ എന്നും ആശിക്കുന്നു. തലച്ചോറിന്റെ സംവേദിയായ ഭാഷ, പഞ്ചേന്ദ്രിയാനുഭവ ഭാഷ്യങ്ങളെ അറിയുകയും മറുപടി ഉത്തരമും ഉത്തരവും നൽകുന്ന ഭാഷയില്ലാത്ത നിർവഹണാത്മക ത്വരിതഭാഷ, ഒരുപക്ഷെ, ചിന്തകൾക്കേറെ മുമ്പേ വാക്കുകൾക്കേറെ മുമ്പേ ഗമനം ചെയ്യുന്നത് എന്നും അമ്പരപ്പുളവാക്കുന്നു.
ReplyDeleteഭാഷ എനിക്കെന്നും അമ്പരപ്പാണ്. നിന്റെ ഭാഷയുടെ അമ്പരപ്പിൽ ഞാൻ ഇത്തിരി നേരം ഇവിടെ ഇരുന്നു പോയതിന്റെ അടയാളഭാഷ അക്ഷരക്കോറിൽ വരഞ്ഞു വയ്ക്കുന്നു.
Thank you
ReplyDeleteനിറവിൻ്റെ തുരുത്ത് അങ്ങകലെയുണ്ടെന്ന ബോധ്യത്തോടെ ജീവിതത്തെ കൈ പിടിച്ചു നടത്തുന്നവനെ തടഞ്ഞു നിർത്തി അവൻ്റെ ഭാഷയുടെ കൈപ്പുസ്തകം കൊള്ളയടിക്കുന്നതെന്തിന് എന്നു ചോദിക്കാകാൻ തോന്നുന്നു.
ReplyDeleteഅറിഞ്ഞ ഭാഷകളുടെ അറിയാത്ത വഴികളിൽ കണ്ണുകൾ സ്വയം കുത്തിപൊട്ടിച്ചു നിൽക്കുന്നതും ഒരു പരീക്ഷണം. പുരോഗതിയെന്ന പ്രയാണം. തിരിഞ്ഞുനടന്നില്ലെങ്കിലും നടന്ന വഴികളിൽ തിരിച്ചെത്തുന്നുവെന്നതിനെ പ്രപഞ്ച സത്യമെന്നോ, പുനർജന്മസുകൃതമെന്നോ ഒക്കെ വിളിക്കാം. ഭാഷയുടെ അതിരുകൾ നേർത്തു വരുന്നിടത്തു നിന്ന് അതിൻ്റെ വൈവിധ്യത്തെക്കുറിച്ചും ധാരാളിത്തത്തെ കുറിച്ചുമെന്തു പറയാൻ.
ചിന്തകളിൽ, ഭാഷ്യങ്ങളിൽ അഭിരമിക്കാൻ വേണ്ടത്ര വെടിമരുന്നുണ്ടെന്നറിയുന്നു. ഒരു വി സ്പോടനത്തിനു വേണ്ട കോപ്പുകൂട്ടാക്കാമതിനെ.
എഴുത്ത് മനോഹരം. ചിന്തകളും. അഭിനന്ദനങ്ങൾ.