സൈന്ധവതടത്തിലെ സാമ്രാജ്യങ്ങൾ - ആലിസ് അൽബിനിയ
ടിബറ്റിലെ മാനസസരോവരത്തിൽ നിന്ന് ഉത്ഭവിച്ച് അറബിക്കടലിൽ ചേരുന്ന സിന്ധു നദി തന്റെ ഒഴുക്ക് തുടരുന്നത്, ഇന്ത്യാ ചരിത്രത്തിലെ സുപ്രധാനമായ ഒട്ടേറെ മുഹൂർത്തങ്ങളുടെ ഓർമ്മകളും പേറിയാണ്. സിന്ധു നദീതട സംസ്കാര കാലം മുതൽ ഇന്നത്തെ ഇൻഡോ- പാക് ഇൻഡസ് വാട്ടർ ട്രീറ്റി വരെ അതിൻ്റെ അനുഭവ പരിസരങ്ങൾ പടർന്നു കിടക്കുന്നു. സിന്ധുവും കൈവഴികളും ചേർന്ന് സൃഷ്ടിക്കുന്ന മനോഹരമായ ഭൂഭാഗത്തിലൂടെ ആലിസ് അൽബിനിയ എന്ന പത്രപ്രവർത്തക നടത്തിയ ഏകാന്ത യാത്രകളുടെ ഓർമ്മക്കുറിപ്പുകളാണ് " സൈന്ധവ തടത്തിലെ സാമ്രാജ്യങ്ങൾ ".
സിന്ധു അറബിക്കടലിൽ ചേരുന്ന കറാച്ചിയിലെ അഴിമുഖത്തുനിന്നുമാണ് യാത്ര ആരംഭിക്കുന്നത്. തുടർന്ന് പാക്കിസ്ഥാൻ, ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ചൈന, എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് അവർ ടിബറ്റിലെ ഉത്ഭവസ്ഥാനത്തെത്തുന്നു. അവിടെ ചൈനീസ് ഭരണകൂടം ഡാം നിർമ്മിച്ച് സിന്ധുവിനെ തടയുന്നത് കണ്ട് പൊട്ടിക്കരയുന്ന എഴുത്തുകാരിയുടെ ചിത്രത്തോടെയാണ് പുസ്തകം അവസാനിക്കുന്നത്. സുരക്ഷിതമായ സ്ഥിരം യാത്രാമാർഗ്ഗം ഉപേക്ഷിച്ചു കൊണ്ട് ആലിസ് ഉൾഗ്രാമങ്ങളിലൂടെയും കലാപ പ്രദേശങ്ങളിലൂടെയും പ്രക്ഷുബ്ധമായ അതിർത്തികളിലൂടെയുമൊക്കെയാണ് സഞ്ചരിക്കുന്നത്. അവിടെയൊക്കെയും നമുക്ക് കേട്ടുകേൾവിയില്ലാത്ത ചരിത്ര കഥകളും സാമൂഹിക യാഥാർത്ഥ്യങ്ങളുമാണ് അനാവൃതമാകുന്നത്. എഴുതപ്പെട്ട അംഗീകൃത ചരിത്രത്തോടൊപ്പം തന്നെ സത്യവും മിഥ്യയും ചേർന്നു കിടക്കുന്ന പ്രാദേശികമായ ചരിത്രകഥകളെക്കൂടി ബഹുമാനിക്കാൻ ഈ പുസ്തകം നമ്മെ പഠിപ്പിക്കുന്നു.
ഉദാഹരണത്തിന് മുഹമ്മദലി ജിന്ന പാക്കിസ്ഥാൻ്റെ സ്വാതന്ത്ര്യലബ്ധിക്ക് 3 ദിവസം മുൻപ് നടത്തിയതും, പിന്നീട് പാക്-മത ഭരണകൂടം ജിന്നയുടെ പ്രസംഗരേഘകളിൽ നിന്നും ഒഴിവാക്കിയതുമായ ഒരു പ്രസംഗത്തെപ്പറ്റി ഇതിൽ പ്രതിപാദിക്കുന്നുണ്ട്. മതത്തിന് യാതൊരു പ്രാധാന്യവുമില്ലാത്ത ഒരു ലിബറൽ ഭരണക്രമമാണ് വേണ്ടതെന്ന് യാഥാസ്ഥിതിക മുസ്ലിം ജനതയ്ക്ക് മനസിലാക്കിക്കൊടുക്കാൻ ജിന്ന നടത്തിയ ശ്രമങ്ങൾ വസ്തുതകളോടെയാണ് എഴുത്തുകാരി സമർത്ഥിക്കുന്നത്. 1947ലെ ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ വേറിട്ട ഒരു മുഖം ഇവിടെ കാണാനാകും.
1240 വരെ മുഗൾ ഭരണക്രമത്തിൽ സുപ്രധാനമായ അധികാരസ്ഥാനങ്ങളിൽ തുടരുകയും പിന്നീട് ആദ്യ വനിത സുൽത്താനായ റസിയയുമായി എത്യോപ്പക്കാരൻ മന്ത്രി യാക്കൂതിനുണ്ടായ ബന്ധത്തെ തുടർന്ന് പുറത്താക്കപ്പെടുകയും ചെയ്ത വിഭാഗമാണ് ആഫ്രിക്കൻ അടിമകൾ. അമേരിക്കയ്ക്ക് അവകാശപ്പെടാവുന്നതിനെക്കാൾ വലിയ അടിമചരിത്രം ഉറങ്ങുന്നത് ഇന്ത്യയിലാണെന്നാണ് എഴുത്തുകാരിയുടെ പക്ഷം. സിന്ധിലെ ഉൾപ്രദേശങ്ങളിൽ ഇന്നും തങ്ങളുടെ ആഫ്രിക്കൻ പാരമ്പര്യത്തിൽ അഭിമാനിക്കുന്ന ഷീദിക ളുണ്ട്. അവരുടെ സാംസ്കാരിക സംരക്ഷണം ഇരുവരെ അന്താരാഷ്ട്ര തലത്തിൽ അഭിസംബോധന ചെയ്യപ്പെട്ടിട്ടില്ല.
ആര്യൻ അധിനിവേശത്തിനും, ബുദ്ധിസ്റ്റ് ചരിത്രത്തിനും ,അലക്സാണ്ടറുടെ വരവിനും, സിഖ് മതത്തിൻ്റെ ഉദയത്തിനുമെല്ലാം ഇതുപോലെ നിരവധിയായ ഭാഷ്യങ്ങളുണ്ട്. ഇത്തരം പ്രാദേശിക ചരിത്രത്തോടൊപ്പം തന്നെ പ്രമുഖ ചരിത്രകാരൻമാരുടെ വീക്ഷണങ്ങൾ കൂടി ചേർത്തു വയ്ക്കുന്നതിനാൽ വായനക്കാരന് യുക്തിസഹമായ നിഗമനത്തിൽ എത്തിച്ചേരാനാകുന്നു.
ചരിത്രബോധത്തോടൊപ്പം പാരിസ്ഥിതിക മൂല്യങ്ങൾക്ക് കൂടി പ്രാധാന്യം നൽകിക്കൊണ്ടാണ് ആലിസ് എഴുതുന്നത്. സ്യൂഡോ- ഡെവലപ്പ്മെൻ്റ് സങ്കൽപ്പങ്ങളുമായി മുന്നോട്ട് പോകുന്ന ചൈനയെപ്പോലുള്ള വികസിത രാജ്യങ്ങളെ അതിനിശിതമായി വിമർശിക്കുന്നതിനോടൊപ്പം ജനങ്ങൾക്ക് അടിസ്ഥാന വികസന സംവിധാനങ്ങൾ പോലുമുറപ്പാക്കാത്ത അഫ്ഗാൻ ഭരണരീതിയെ പ്രാകൃതം എന്നാക്ഷേപിക്കുകയും ചെയ്യുന്നു.
ചരിത്രബോധത്തോടൊപ്പം പാരിസ്ഥിതിക മൂല്യങ്ങൾക്ക് കൂടി പ്രാധാന്യം നൽകിക്കൊണ്ടാണ് ആലിസ് എഴുതുന്നത്. സ്യൂഡോ- ഡെവലപ്പ്മെൻ്റ് സങ്കൽപ്പങ്ങളുമായി മുന്നോട്ട് പോകുന്ന ചൈനയെപ്പോലുള്ള വികസിത രാജ്യങ്ങളെ അതിനിശിതമായി വിമർശിക്കുന്നതിനോടൊപ്പം ജനങ്ങൾക്ക് അടിസ്ഥാന വികസന സംവിധാനങ്ങൾ പോലുമുറപ്പാക്കാത്ത അഫ്ഗാൻ ഭരണരീതിയെ പ്രാകൃതം എന്നാക്ഷേപിക്കുകയും ചെയ്യുന്നു.
സുസ്ഥിര വികസനത്തിൻ്റെ പാതയിൽ സിന്ധുവിനെ പുനരുജ്ജീവിപ്പിക്കാൻ ഭരണാധികാരികൾക്ക് ഒരു മാർഗ്ഗദർശിയാകാൻ ഈ പുസ്തകത്തിനാകും. എല്ലാം സംയോജിപ്പിക്കുന്നവളായ സിന്ധു നൽകുന്ന ഐക്യത്തിൻ്റെ പാഠം ഉൾക്കൊണ്ട് കൊണ്ടുള്ള ഒരു പുതിയ ലോകവീക്ഷണത്തിലേക്ക് കൂടി വായനക്കാരെ നയിക്കുന്ന ഒരു കിളിവാതിലായി ഈ പുസ്തകം നിലനിൽക്കട്ടെ. .

Nice Work...
ReplyDeleteThank you
Deleteവായിച്ചിട്ടില്ല. വായനക്കുള്ള പ്രേരണ കിട്ടുന്നു. എപ്പോഴോ നിലച്ചുപോയ വായനാശീലം നിന്നിലൂടെ തിരിച്ചു കിട്ടുമെങ്കിൽ!!!
ReplyDeleteനിന്റെഴുത്തിനു കരുത്തേകാൻ ഒരു വായനക്കാരൻ ആകാൻ ശ്രമിക്കാം.
🥰
Deleteബുക്കു വായിച്ചിട്ടില്ല.പലതും അങ്ങനെയാണ്. ഒരോ വായനയിലേക്കും ആനയിക്കപ്പെടുകയാണ്. ചില ദിശാസൂചകങ്ങളെ പിൻപറ്റി.
ReplyDeleteചരിത്രത്തിൻ്റെ ശരികൾ, വ്യക്തികളുടെ ശരി തെറ്റുകൾ ചേർത്തു വച്ച കഥകളാണ്. അപേക്ഷികങ്ങളായങ്ങളായ വീക്ഷണങ്ങളാണ്. അതുകൊണ്ടു കൂടെയാവാം കഥകളെ പോലെ അവയും വ്യത്യസ്ഥമായി വ്യാഖ്യാനിക്കപ്പെടുന്നത്.