ജൂലൈ 02: ഒ വി വിജയൻറെ നവതി



ഒ വി വിജയൻ , ഇന്നും കെട്ടിറങ്ങാത്ത ഒരു ഭ്രാന്തായി മാത്രമേ എനിക്കറിയുകയുള്ളൂ. ആറാം ക്ലാസിൽ ആദ്യമായി ഖസാക്ക് വായിച്ചപ്പോൾ കാര്യമായൊന്നും മനസിലായിരുന്നില്ല. പാലക്കാടൻ ഗ്രാമീണ ഭാഷയും വ്യാഖ്യാനങ്ങൾക്കതീതമായ ഒ വി യുടെ രൂപകങ്ങളുമെല്ലാം ജടപിടിച്ചു കിടക്കുന്ന താളുകളായിരുന്നു അന്ന് കണ്ടത്. പക്ഷേ കാരണമെന്തെന്ന് ഇന്നുമറിയില്ല, മലയാളത്തിലെ ലക്ഷക്കണക്കിന് വായനക്കാരെപ്പോലെ ഞാനും ഖസാക്ക് വായിച്ചു കൊണ്ടേയിരിക്കുന്നു. കാറ്റു പിടിച്ച കരിമ്പനകളിൽ നിന്ന് മലയാളിക്ക് മോക്ഷമില്ല. 

ഏഴാം ക്ലാസിലോ എട്ടാം ക്ലാസിലോ വച്ച് ഗുരുസാഗരം വായിച്ചപ്പോഴും കുഞ്ഞുണ്ണിയുടെ തത്വശാസ്ത്രങ്ങളും ബംഗ്ലാദേശ് യുദ്ധത്തിൻ്റെ ചരിത്ര പശ്ചാത്തലങ്ങളും ഉൾക്കൊള്ളാനായിരുന്നില്ല. എങ്കിലും വാക്കുകൾ കൊണ്ട് വരച്ചിടാനറിയാത്ത എന്തോ ഒന്ന്, ഒരു ഭ്രാന്ത്, എന്നെ ഒ വി യുടെ വാക്കുകളിൽ തളച്ചിടുന്നു. ഭാഷയുടെയും പ്രയോഗങ്ങളുടേയും ചക്രവ്യൂഹമായി ഒവി വിജയൻ്റെ എഴുത്തിനെ ഉപമിച്ചുകണ്ടിട്ടുണ്ട്. എന്തുകൊണ്ടോ എനിക്കിപ്പോഴും അത് ഉറവ വറ്റാത്ത സ്നേഹമാണ്, ചിതലിയുടെ താഴ്വാരങ്ങളിലും, തൂതപ്പുഴയുടെ ഓരങ്ങളിലും, പ്രവാചകന്റെ വഴിയിലെ സിഖ് തെരുവുകളിലുമെല്ലാം ആ തലോടൽ കൂടെയുണ്ട്. സമ്പൂർണമായ ആനന്ദത്തോടെ ഓരോ വായനക്കാരനും ആ അടിമത്തത്തെ സ്വീകരിക്കുന്നു, ആ ചങ്ങലയിൽ തന്റെ അപാരമായ സ്വാതന്ത്ര്യം കണ്ടെത്തുന്നു...

ഇന്ന് ഒ വി വിജയൻറെ നവതിയെന്നോർക്കുമ്പോൾ ചിരിക്കാൻ തോന്നുന്നു,

ഒ വി മരിച്ചുവെന്നോ?


Comments