ഭാഷകൾ മരിക്കുന്നിടം
ഭാഷകളില്ലാത്ത ഒരു പ്രപഞ്ചം നിർമ്മിക്കാനാവുമോ? അക്ഷരങ്ങളില്ലാത്ത, വാക്കുകളില്ലാത്ത, ആംഗ്യങ്ങളില്ലാത്ത, കാഴ്ച്ചകളില്ലാത്ത, ശൂന്യമായ ഒരു പ്രപഞ്ചം..... ആശയ വിനിമയത്തിൻ്റെ ഉപാധിയാണ് ഭാഷ എന്നല്ലേ. വിനിമയം ചെയ്യപ്പെടാത്ത ആശയങ്ങൾ കൂമ്പാരം കൂടിക്കിടന്ന്, അതിൻ്റെ ഭാരത്താൽ ഭൂമിയുടെ തുലനം തന്നെ തെറ്റി, ഒരു മഹാവിസ്ഫോടനമായി മാറുന്ന ദിനം ഒന്നോർത്തുനോക്കു. അങ്ങനെ ഈ പ്രപഞ്ചമത്രയും ആ പഴയ കുഞ്ഞൻ അണുവിലേക്ക് ചുരുങ്ങിയൊടുങ്ങുമ്പോൾ, അവിടെ അനാദികാലം കഴിഞ്ഞുള്ള കൂടിച്ചേരലിൻ്റെ , കത്തിയെരിഞ്ഞ കാത്തിരിപ്പിൻ്റെ ശവഗന്ധമുള്ള മറ്റൊരു ഭാഷ പിറന്നു വീഴുന്നു. ഡി എൻ എ യിലെ പ്രോട്ടീനുകൾ കൈ ചുറ്റിക്കളിക്കുമ്പോൾ പാടാറുള്ള, ശബ്ദമെന്തെന്നറിയാത്ത പാട്ടിൻ്റെ ഭാഷയിൽ നിന്നും തുടങ്ങുന്ന യാത്ര. കണ്ണാടിയോടെന്ന പോലെ സ്വന്തം അസ്ഥിത്വം മറ്റൊന്നിലേക്കാവാഹിച്ച് പ്രതിബിംബത്തിന് ജീവൻ നൽകുന്ന കോശങ്ങളുടെ ഭാഷ, പങ്കുവയ്ക്കലുകളുടെ ഭാഷ. പിന്നെ അമ്മയും കുഞ്ഞും ചേർന്ന് വരച്ചുണ്ടാക്കുന്ന കളങ്കമറ്റ ഭാഷ. കൂടെയെപ്പൊഴോ രണ്ടാം ഭാഷ പഠിപ്പിക്കുന്ന ഇന്ദ്രിയങ്ങളുടെ നിർബന്ധിത ക്ലാസുകളും. ജീവനായി പിറന്നവയുടെയൊക്കെയും ആസന്നമായ ദൗർഭാഗ്യം...