വീരം
വീരം
ലോക സാഹിത്യത്തിലെ എക്കാലവും ആഘോഷിക്കപ്പെട്ട കൃതിയായ ക്ഷേക്സ്പെയറിൻ്റെ മക്ബത്ത്, വടക്കൻ പാട്ടുകളുടെ കഥാപരിസരത്തിലേക്ക് ആവാഹിച്ചു കൊണ്ട്, തൻ്റെ നവരസ പരമ്പരയിലെ അഞ്ചാമത്തെ സിനിമയായി, ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് വീരം. 2016ൽ ഇംഗ്ലീഷ്, മലയാളം,ഹിന്ദി എന്നീ ഭാഷകളിലായി പുറത്തിറങ്ങിയ ഈ ചലച്ചിത്രത്തിൻ്റെ തിരക്കഥയും ജയരാജിൻ്റേത് തന്നെയാണ്.
വടക്കൻപാട്ടുകളുടെ പരമ്പരാഗത ആഖ്യാനശൈലിയിൽ നിന്നും വ്യത്യസ്തമായി കൂടുതൽ റിയലിസ്റ്റിക്കായ ഒരു പശ്ചാത്തലം വീരത്തിന് അവകാശപ്പെടാനുണ്ട് . കഥാപാത്രങ്ങളുടെ വസ്ത്രാലങ്കാരം മുതൽ ലൊക്കേഷൻ രൂപപ്പെടുത്തൽ വരെ ഒരു തനതായ ശൈലി അവതരിപ്പിക്കപ്പെടുന്നു. ആർട്ട് ഡയറക്ഷനും അഭിനന്ദനാർഹമായ നിലവാരം പുലർത്തുന്നുണ്ട്.
ക്ഷേക് സ്പെയറിൻ്റെ മക്ബത്ത് പ്രഭുവിന് നേരിടേണ്ടി വരുന്ന ഹാലുസിനേഷനുകൾ മറ്റൊരു തരത്തിൽ അനുഭവിക്കുന്നുണ്ട് വടക്കൻ പാട്ടുകളിലെ ചന്തു ചേകവർ. ഡങ്കൻ പ്രഭുവിനെ മക്ബത്ത് കൊലപ്പെടുത്തുന്നതിനുള്ള കഥാപരിസരത്തോട് അത്ഭുതകരമായ സമാനതകളോടെയാണ് ചന്തു ആരോമൽ ചേകവരെ വധിക്കുന്നതും. മക്ബത്തിൻ്റെ അധികാര മോഹവും ,മന്ത്രവാദിനികളുമായുണ്ടായ സമാഗമവും ലേഡി മക്ബത്തിൻ്റെ പ്രലോഭനങ്ങളും ഒടുവിലെ പശ്ചാത്താപവുമെല്ലാം ചന്തുവിൻ്റെ ജീവിത സന്ധികളോട് സമാനമായവയാണ്.
മൂന്ന് ദുർമന്ത്രവാദിനികൾ മക്ബത്തിൻ്റെ ഭാവി രാജപദവി പ്രവചിക്കുന്നത് പോലെ വടക്കൻ പാട്ടുകളിലേക്കും ഒരു മന്ത്രവാദിനിയെ ജയരാജ് കൂട്ടിച്ചേർക്കുന്നുണ്ട്. ഡങ്കൻ പ്രഭുവിനെ വധിക്കാൻ പ്രലോഭിപ്പിക്കുന്ന ലേഡി മക്ബത്തിൻ്റെ പ്രതീകമാകുന്നത് അരിങ്ങോടരുടെ മകളായ കുഞ്ഞിയാണ്.
ക്ഷേക്സ്പെയറുടെ ലേഡി മക്ബത്ത് പറയുന്ന വരികളാണ് :-
Come, thick night,
And pall thee in the dunnest smoke of hell,
That my keen knife see not the wound it makes,
Nor heaven peep through the blanket of dark,
To cry,' Hold, hold!'
ഈ വരികൾ കുഞ്ഞി ആവർത്തിക്കുമ്പോൾ ജയരാജ് സൃഷ്ടിക്കുന്ന ഒരു തനത് ദുർമന്ത്രവാദ പശ്ചാത്തലവും താന്ത്രിക് അനുഭൂതിയും വ്യത്യസ്തമായ ഒരു ആസ്വാദനതലം പകർന്നു നൽകുന്നു. കഥാവസാനത്തിൽ മക്ഡഫ് മക്ബത്തിനെ വകവരുത്തുന്നത് പോലെ ഉണ്ണിയാർച്ചയുടെ മകൻ ആരോമലുണ്ണിയാണ് ചന്തുവിനെ കൊല്ലുന്നത്. മക്ബത്തിൽ പടക്കളമാണെങ്കിൽ വടക്കൻ പാട്ടുകളിൽ അത് നിലപാടുതറയാണെന്ന വ്യത്യാസം മാത്രം. ഷെക്സ്പെയറിൻ്റെ ഐതിഹാസികമായ സംഭാഷണങ്ങൾ അതേ പോലെ തന്നെ പുതിയ ഇതിവൃത്തത്തിലും പ്രതിഷ്ഠിക്കാനായത് ഒരു വലിയ വിജയം തന്നെയാണ്.
മലയാള സിനിമാ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഈ ചലച്ചിത്രം നിലനിൽക്കും എന്നതിൽ തർക്കമില്ല.

ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. ഇനി കാണാതെ വയ്യ.
ReplyDelete"Sleep no more,
ReplyDeleteMacbeth doth murder sleep
The innocent sleep..."