ജന്മാന്തരയാത്രകൾ - ശ്രീ എം




ഭാരതത്തിലെ സാംസ്കാരിക  അദ്ധ്യാത്മിക മേഖലകളിൽ സജീവ സാന്നിധ്യമായ ശ്രീ എം എന്ന മുംതാസ് അലി, തൻ്റെ ഹിമാലയൻ യാത്രകളുടേയും ഋഷീശ്വരൻമാരുമായി നടത്തിയ സംവാദങ്ങളുടേയും ഓർമ്മക്കുറിപ്പുകളാണ് 'ജന്മാന്തര യാത്രകൾ '. 'ഗുരു സമക്ഷം - ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ' എന്ന ഏറെ ചർച്ച ചെയ്യപ്പെട്ട തൻ്റെ ആത്മകഥയുടെ രണ്ടാം ഭാഗമായാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. എന്നാൽ കാലഗണന അനുസരിച്ചുള്ള പരമ്പരാഗത ആത്മകഥാകഥന ശൈലിയിൽ നിന്നും വ്യത്യസ്തമായി ജീവിതത്തിലെ ചില ഏടുകൾ ചെറുകുറുപ്പുകളാക്കിയാണ് എം അവതരിപ്പിക്കുന്നത്.

തിരുവനന്തപുരം സ്വദേശിയായ ശ്രീ എം തൻ്റെ 19-ാം വയസ്സിലാണ് തൻ്റെ  ഗുരുവിനെ തേടി ഹിമാലയ സാനുക്കളിലേക്ക് യാത്ര തിരിക്കുന്നത്. ഒടുവിൽ ബദരിനാഥ ക്ഷേത്രത്തിനപ്പുറമുള്ള വ്യാസ ഗുഹയിൽ അദ്ദേഹം തൻ്റെ ഗുരുനാഥനായ ശ്രീ ഗുരു ബാബാജിയെ കണ്ടെത്തി. ബാബാജിയുടെ സമാധി വരെയുള്ള അനുഭവങ്ങളായിരുന്നു 'ഗുരു സമക്ഷത്തിൽ ' എം പങ്കുവയ്ച്ചത് . എന്നാൽ അതിനു മുൻപും ശേഷവുമായി അദ്ദേഹം കണ്ടു മുട്ടിയ അനവധി ആദ്ധ്യാത്മികാചാര്യൻമാരുമായുള്ള സമാഗമവും ,അവിടെ കണ്ടെത്തിയ അതിശയകരമായ അനുഭൂതി മണ്ഡലങ്ങളും അവരുമായി നടത്തിയ ബൗദ്ധിക ചർച്ചകളും ലളിതമായ ഭാഷയിലാണ് ശ്രീ എം അവതരിപ്പിക്കുന്നത്. 

ലൗകിക ജീവിതം നയിക്കുന്ന ഒരു വ്യക്തിയ്ക്ക് പ്രത്യക്ഷത്തിൽ കെട്ടുകഥ എന്ന് തോന്നിയേക്കാവുന്ന വയാണ് ഇതിലെ ഒട്ടുമിക്ക അനുഭവങ്ങളും. അത്തരത്തിൽ ഇതിനെ ഒരു നുണക്കഥയായി വിലയിരുത്താനുള്ള സ്വാതന്ത്ര്യം ആ മുഖത്തിൽ തന്നെ എം വായനക്കാർക്ക് നൽകുന്നുണ്ട്. മനുഷ്യൻ്റെ അനുഭവതലങ്ങളുടെ പരിമിതിയെ യുക്തിഭദ്രമായി അംഗീകരിക്കാൻ തയ്യാറുള്ള ഒരു ആദ്ധ്യാത്മികകുതുകിയ്ക്ക് സാധ്യതകളുടെ വലിയൊരു ലോകമാണ് ഈ പുസ്തകം കാഴ്ച്ചവയ്ക്കുന്നത്. 

ഇതിൽ ഏറെ ശ്രദ്ധാവഹമായ വസ്തുത താൻ കണ്ടു മുട്ടിയ ഗുരുക്കൻമാരുമായി നടത്തുന്ന സംവാദങ്ങളിൽ  അതിനിശിതമായ വിമർശനങ്ങളാണ് പരസ്പരം ഉന്നയിക്കുന്നത്. ഗുരുവിൻ്റെ വാക്കുകളെ വിമർശനാത്മകമായി വിലയിരുത്തി, അത് തൻ്റെ യുക്തിയ്ക്ക് നിരക്കുന്നതെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ സ്വീകരിക്കുന്നുള്ളൂ. ഗുരു ശിഷ്യ ബന്ധത്തിൻ്റെ  സവിശേഷമായ ആ കൈ കോർക്കൽ ആധുനിക കാലത്തെ വിദ്യാഭ്യാസ പദ്ധതിയിലും ഏറെ പ്രസക്തമാണ്. 
അതുപോലെ തന്നെ തങ്ങൾ ചെയ്യുന്ന പ്രവർത്തികളൊന്നും തന്നെ അത്ഭുത ശക്തികളായി ഗുരുക്കൻമാർ അവകാശപ്പെടുന്നില്ല. മാനസികവും ശാരീരികവുമായ സാധനയിലൂടെ നേടിയെടുക്കുന്ന ഒരു കലയായി മാത്രമേ അവരതിനെ കാണുന്നുള്ളൂ. അതിന് അനാവശ്യമായ മേമ്പൊടികൾ ചേർക്കുന്ന ,അതിനെ മാന്ത്രികമെന്ന പോലെ സമീപിക്കുന്ന ഭൂരിപക്ഷ ലോകത്തെ വസ്തു നിഷ്ടമായി അവബോധ രാക്കാനും എം മറക്കുന്നില്ല. 
തൻ്റെ മുജ്ജന്മങ്ങളിലെ ജീവിതവും കഥകളും മരണവുമെല്ലാം എം വിശദീകരിക്കുന്നുണ്ട്. ഒരു മനുഷ്യൻ്റെ അപാരമായ സങ്കൽപ്പം എന്ന് തോന്നിയേക്കാവുന്ന ആ കഥകൾ പക്ഷേ ശ്രീ എം എന്ന യോഗി താനറിയുന്ന സത്യമാണ് എന്ന് ആണയിട്ട് പറയുകയാണ്; സത്യവും മിഥ്യയും ഊടും പാവും വേർതിരിച്ചറിയാനുള്ള ഇന്ദ്രിയസിദ്ധി മനുഷ്യരാശിക്ക് ലഭിക്കുവോളം ഇതിനെ നിർദയം തള്ളിക്കളയുന്നത് ബാലിശമായ സമീപനമായേ വിലയിരുത്താൻ മാർഗ്ഗമുള്ളൂ.
സ്ഥൂല ശരീരം വിട്ട് എം ഗുരുവിനോടൊപ്പം നടത്തിയ യാത്രകളെപ്പോലും സങ്കൽപ്പ സിദ്ധി ഉപയോഗിക്കാൻ തയ്യാറുള്ള ഏതൊരു വ്യക്തിക്കും സാധിക്കുന്ന കാര്യമായാണ് പറയുന്നത്. പരകായപ്രവേശത്തിൻ്റെ മാർഗ്ഗങ്ങൾ പോലും അദ്ദേഹം വിശദമാക്കുന്നു.
ആധുനിക ശാസ്ത്ര, മന:ശാസ്ത്ര ഗ്രന്ഥങ്ങളെപ്പോലും ഉദ്ധരിച്ചു കൊണ്ടുള്ള ഹിമാലയ ഗുരുക്കൻമാരുടെ ഉത്തരങ്ങൾ ഉന്നത അക്കാദമിക തലങ്ങളിൽ ചർച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു എന്ന് തോന്നുന്നു. 

എന്തായാലും യുക്തിഭദ്രമായി ചിന്തിക്കാനും തൻ്റെ അറിവിൻ്റെ പരിമിതികളെ അംഗീകരിക്കാനും തയ്യാറുള്ള ഏതൊരു വായനക്കാരും ഈ പുസ്തകം ഒരു നല്ല വായനാനുഭവം നൽകുമെന്നാണ് എൻ്റെ വിശ്വാസം. ഈ വായനാ വാരത്തിൽ ചിന്തയുടെ വാതായനങ്ങൾ വികസിപ്പിക്കാൻ ഈ പുസ്തകം നിങ്ങളെ പ്രചോദിപ്പിക്കട്ടെ.....




Comments

  1. നിന്റെ പ്രീയപ്പെട്ട എഴുത്തുകാരൻ..
    ഞാനിനിയും വായിച്ചിട്ടില്ലാത്ത പ്രതിഭാവൈഭവത്തെ പറഞ്ഞറിയിച്ചതിൽ ഞാൻ കൃതാർഥനാകുന്നു. നന്ദി.

    ഉണ്ണി

    ReplyDelete

Post a Comment