Posts

Showing posts from November, 2023

അരനൂറ്റാണ്ട്

കണ്ടതും കാണാനുള്ളതുമായ സ്വപ്‌നങ്ങൾ നിരത്തിവച്ച് അതിനെ ധ്യാനിച്ചിരുന്ന് മണിക്കൂറുകൾ കഴിച്ചുകൂട്ടിയ കാലത്തോട് അവർക്കിന്ന് അതിരുകടന്ന അസൂയയാണ്. എന്തിനാണ് നരകയറിയ മുടിയിഴകൾവഴി കാലമെത്താത്ത ഈ വിരക്തി നുഴഞ്ഞുകയറുന്നത്? അൻപതുകൾ രണ്ടാം പിറവിയാണ്, നുണച്ചിറക്കാൻ ഒരുപകുതി ഇനിയുമുണ്ട്. മനുഷ്യായുസ് ഇനിയൊന്നും എഴുപത് താണ്ടില്ലെന്ന് പറഞ്ഞ നല്ലപാതിയോട് തന്റെ നൂറാം പിറന്നാളിന് പൊട്ടിക്കാൻ മത്താപ്പ് വാങ്ങിവയ്ക്കണമെന്ന് പറഞ്ഞപ്പോൾ തോന്നിയ ഉറപ്പ് ഇന്നില്ല. കോച്ചിപ്പിടിക്കുന്ന മജ്ജയും തേയ്മാനം വന്ന കഴുത്തും ഓരോ ദിവസവും ഉണരുമ്പോൾ ഒരു മണൽഘടികാരം പോലെ മുന്നിൽ വന്ന് നിൽക്കുന്നുണ്ട്.  ദോശക്കല്ലിൽ വീണ്ടുമൊരിക്കൽക്കൂടി സ്ഥിരംമട്ടിൽ തവി വട്ടം വരയ്ക്കുന്നു. എന്നത്തേതും പോലെ സാമ്പാറിൽ ഉപ്പോ മുളകോ പാകംതെറ്റിനടന്ന് പ്രതിഷേധിക്കുന്നു. അലക്കാത്ത തുണികളിലും വലകെട്ടിയ ജനലുകളിലും മാത്രം കുരുങ്ങിപ്പോകുന്ന കണ്ണുമായി ഇനിയുമൊരു പകുതി ജീവിച്ചുതീർക്കുകയെന്നത് ഭാഗ്യത്തിന്റെ സൂചികയിൽപ്പെടുമെന്ന് തോന്നുന്നില്ല.  നടന്നുപതിഞ്ഞ വഴികളിൽ യാത്രക്കാരനല്ല നടക്കുന്നത്. വഴി, യാത്രികനെ നടത്തിക്കുകയാണ്. ഉറപ്പിന്റെ, സ്ഥിരതയുടെ, വാഗ്ദാന...