കഥപ്പെയ്ത്ത്
മഴ നനയൽ ഒരു കഥയെഴുതുന്നത് പോലെയാണ്. ചിലർക്ക് അപൂർവ്വമായി സംഭവിക്കുന്ന ഒന്ന്, മറ്റു ചിലർക്ക് ഇടതടവില്ലാതെ വന്നെത്തുന്നതും. ചിലപ്പോൾ മേഘം മൂടി ആകാശം കുറേനേരം അങ്ങനെ കൊതിപ്പിക്കും. എന്നിട്ട് തീരുമാനിച്ചുറപ്പിച്ച ശേഷം പെയ്യും. മാസങ്ങളായി അലട്ടുന്ന ചില ദ്യശ്യങ്ങളെ വിദഗ്ദ്ധമായ പ്ലോട്ടിങിനുശേഷം ഒരു കഥയിലേക്ക് സന്നിവേശിപ്പിക്കുന്നത് പോലെ. കാർമേഘം മൂടിക്കിടന്നാൽ പെയ്യാൻ തന്നെയാണ് സാധ്യത. ചിലപ്പോൾ മാത്രം കാറ്റ് അവയെ പിടിച്ചു കൊണ്ട് പോകും. വളരെ പ്ലാൻ ചെയ്തെഴുതുന്ന കഥകൾ മിക്കപ്പോഴും വിജയകരമായി തന്നെ പൂർത്തിയാക്കപ്പെടും, കാറ്റിനെപ്പോലെ ചില വലിവുകൾ അവയെ തട്ടിയെടുത്തില്ലെങ്കിൽ. പക്ഷേ എഴുത്തുകാരനെ ഹരം കൊള്ളിക്കുക അപ്രതീക്ഷിതമായെത്തുന്ന കഥകളാണ്. എഴുതിയില്ലെങ്കിൽ മരിച്ചു പോകും എന്ന തോന്നലോടെ എഴുതുന്നവ. അല്ലെങ്കിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു കഴിഞ്ഞ മഴയെക്കാൾ രസം ക്ഷണക്കത്തില്ലാതെ എത്തുന്ന വിരുതൻ മഴകളാണല്ലോ. ഒരിക്കലും പ്രതീക്ഷിക്കാത്ത ആ നിമിഷത്തിൽ മഴ പെയ്യുകയാണ് എന്ന യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ അല്പം സമയം ആവശ്യമാണ്. പതിയെ നമ്മൾ ഉൾക്കൊള്ളുന്നു: അതെ, അത് പെയ്യുകയാണ്....